Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

പൃഥ്വിരാജിനെ സന്ദീപ് ഉണ്ണികൃഷ്ണന്‍ 'ആകാന്‍' അനുവദിക്കാതിരുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് ധനലക്ഷ്മി..

2008 നവംബറില്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരതയുടെ കഥ പറഞ്ഞ 'മേജര്‍' മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.സന്ദീപിന്റെ ജീവിതം സിനിമയാക്കുന്നതിനായി ഒരുപാട് പേര്‍ സമീപിച്ചിരുന്നതായി സന്ദീപിന്റെ അമ്മ ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. ഒരുപാട് 'നോ' പറഞ്ഞതിന് ശേഷമാണ് ഒരു 'എസ്' പറഞ്ഞതെന്ന് ഇവര്‍ മനോരമയുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ, പൃഥ്വിരാജ് നായകനായി സന്ദീപിന്റെ കഥ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, സന്ദീപിന്റെ കുടുംബത്തില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ ചിത്രം പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പൃഥ്വിരാജിനെ സന്ദീപ് ഉണ്ണികൃഷ്ണന്‍ 'ആകാന്‍' അനുവദിക്കാതിരുന്നതിന്റെ കാരണം പറയുകയാണ് ധനലക്ഷ്മി. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ അദിവി ശേഷും സംഘവും 'മേജര്‍' ചിത്രത്തിന് വേണ്ടി സമീപിച്ച്‌, അവര്‍ക്ക് അനുമതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു പൃഥ്വിരാജ് ചിത്രവുമായി ചിലര്‍ തങ്ങളെ സ്മീപിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. 'മേജറി'ന് അനുമതി നല്‍കിയ സ്ഥിതിക്ക് മാറ്റാന്‍ സാധിക്കില്ലല്ലോ എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
'മകന്റെ വിയോഗത്തിന് പിന്നാലെ പലരും സന്ദീപിന്റെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു വന്നിരുന്നു. എന്നാല്‍, ഞങ്ങള്‍ അനുവാദം നല്‍കിയില്ല. മകന്റെ ജീവിതത്തിലെ കഥകളെല്ലാം ആര്‍ക്കെങ്കിലും സിനിമയാക്കാന്‍ പറ്റുമോ എന്ന ആശങ്കയായിരുന്നു എനിക്ക്. എന്നാലിപ്പോള്‍ സന്ദീപിന്റെ വീരമൃത്യു സംഭവിച്ച്‌ 10 വര്‍ഷത്തിനു ശേഷം സൈന്യത്തില്‍ സന്ദീപിന്റെ ആദ്യ ഓഫിസറായിരുന്ന കേണല്‍ ശ്രീകുമാറാണ് സന്ദീപിന്റെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ചു ഞങ്ങളോടു ചോദിച്ചത്. എന്നാല്‍, അവിടെയും 'നോ' പറഞ്ഞ ഞങ്ങള്‍ 'ശ്രീകുമാറിന് അറിയില്ലേ സന്ദീപിനെ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. അവനാകാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.അറിയില്ല'.
ശ്രീകുമാര്‍ അപ്പോള്‍ അതു ശരിവച്ചുവെങ്കിലും കുറച്ചാലോചിച്ചശേഷം എന്നോട് ഒന്ന് ചോദിച്ചു. 'ആന്റി കൈലാസനാഥന്‍ സീരിയല്‍ കാണാറുണ്ടോ? അതില്‍ ശിവനായി ഒരാള്‍ അഭിനയിക്കുന്നില്ലേ? ശിവനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ശിവന്‍ എന്നതു സങ്കല്‍പമായി നമ്മളില്‍ എല്ലാവരിലുമുണ്ടല്ലോ' എന്നായിരുന്നു അത്. അതുപോലെയല്ല ഇതെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍, എത്ര ആളുകളാണ് എന്റെ മകന്റെ ജീവിതം സിനിമയാക്കുന്ന കാര്യം ചോദിച്ചുകൊണ്ടേയിരിക്കുന്നത്. പിന്നെയും ഞാന്‍ അതേക്കുറിച്ചുതന്നെ ആലോചിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഒരുപാട് നാളത്തെ ആലോചനകള്‍ക്ക് ശേഷം ഒരു ഉത്തരത്തിലെത്തി. ഇനി ആരു വന്നു ചോദിച്ചാലും 'യെസ്' എന്നേ പറയൂ.
അപ്പോഴാണ് അദിവി ശേഷും സംഘവും വന്നത്. അങ്ങോട്ടുമിങ്ങോട്ടും ആലോചിച്ചില്ല. 'യെസ്' എന്ന് ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഉണ്ണിയേട്ടനും അഭിപ്രായ വ്യത്യാസമുണ്ടായില്ല. അങ്ങനെയാണു 'മേജര്‍' എന്ന സിനിമ സംഭവിക്കുന്നത്. ഈ ചിത്രത്തിന് അനുമതി നല്‍കി ഒപ്പിട്ടു നല്‍കിയതിന്റെ തൊട്ടു പിറ്റേന്നാണ് പൃഥ്വിരാജിനെ നായകനാക്കി സന്ദീപിന്റെ കഥ സിനിമയാക്കുന്നതിന് അനുമതി തേടി കേരളത്തില്‍ നിന്ന് ആളുകള്‍ അന്വേഷിച്ചെത്തിയത്. വലിയ സന്തോഷമായിരുന്നു. എന്നാല്‍, അനുമതി നല്‍കിയ സ്ഥിതിക്കു മാറ്റാനാകില്ലല്ലോ', ധനലക്ഷ്മി പറയുന്നു.

No comments: