അമ്മമാര്‍ക്ക് കുറഞ്ഞത് ആറു വര്‍ഷമെങ്കിലും കുഞ്ഞിനെ നോക്കാനായി നിര്‍ബന്ധിത അവധി നല്‍കണം..സുപ്രീംകോടതിയോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍...
അമ്മമാര്‍ക്ക് കുറഞ്ഞത് ആറു വര്‍ഷമെങ്കിലും കുഞ്ഞിനെ നോക്കാനായി നിര്‍ബന്ധിത അവധി നല്‍കണമെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.സുപ്രീംകോടതിയോടുള്ള അഭ്യര്‍ത്ഥന എന്ന നിലയ്‌ക്കാണ് അദ്ദേഹം വലിയൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ആറുവര്‍ഷത്തെ ലീവ് ഏതൊരു രാജ്യത്തിന്റെയും ഭാവിയായ തന്റെ കുഞ്ഞിനെ നോക്കാനുള്ളതാണെന്നും ആ സമയത്ത് അമ്മയ്‌ക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങളെല്ലാം എത്തിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
'സുപ്രീംകോടതിയോട് ഒരു അഭ്യര്‍ത്ഥന... മാതൃത്വത്തില്‍ പ്രവേശിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ജനനശേഷം കുഞ്ഞിനെ പരിപാലിക്കാന്‍ 6 വര്‍ഷത്തേക്ക് നിര്‍ബന്ധിത അവധി നല്‍കുന്നത് നല്ലതാണെന്ന് ഞാന്‍ കരുതുന്നു. ആ സമയത്ത് അമ്മയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന ആവശ്യങ്ങളും എത്തിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഒരുപക്ഷേ അമ്മ ഒരു നല്ല ജോലിക്കാരിയായിരിക്കാം അല്ലെങ്കില്‍ പണം സമ്ബാദിക്കാന്‍ കഴിവുള്ള ഒരു നല്ല ബിസിനസ്സ് ഉടമയായിരിക്കാം. അതിനാല്‍ ദയവായി കോടതി അമ്മമാര്‍ക്ക് അവധി നല്‍കുക.
6 വര്‍ഷത്തെ ലീവ് ഏതൊരു രാജ്യത്തിന്റെയും ഭാവിയായ തന്റെ കുഞ്ഞിനെ നോക്കാനുള്ളതാണ്. കാരണം ചൂടും ചൂരും അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാകില്ല. ഔദ്യോഗികമായി അവധി നല്‍കിയാല്‍ അത് രാജ്യത്തിന് ഗുണം ചെയ്യും. സുപ്രീംകോടതിയോ സര്‍ക്കാരോ ആശുപത്രികളോ മാദ്ധ്യമങ്ങളോ ജോലി ചെയ്യുന്ന രക്ഷിതാക്കളോ കുട്ടികളെ നോക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ എല്ലാ അമ്മമാര്‍ക്കും സമയം നല്‍കുക.
ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യന്‍ അമ്മമാര്‍ക്ക് അവധി കൊടുക്കേണ്ടതില്ലെന്ന് ചിന്തിച്ചേക്കാം. എന്നാല്‍ ഇവിടെ ഇന്ത്യയില്‍ എല്ലാ അമ്മമാരും ഒരു രാജ്ഞി ആണ്. അതിനാല്‍ സുപ്രീം കോടതി ഇക്കാര്യം പരിശോധിക്കേണ്ട സമയമാണിത്.ഒരു കുട്ടിക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ പ്രായമാണ് 6 വയസ്. അതുവരെ കുട്ടികളെ ആര് സഹായിക്കും? കുട്ടികളെ സഹായിക്കാന്‍ ആരുമില്ല. കുട്ടികളെ സഹായിക്കാന്‍ മാതാപിതാക്കളും മറ്റ് ബന്ധുക്കളും ഉണ്ടെന്ന് ചിന്തിക്കാന്‍ ഇതൊരു ഫെയറി കഥയല്ല.യഥാര്‍ത്ഥ മാതാപിതാക്കളെ പോലെ മറ്റാരും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ഇല്ല. വസ്തുതകള്‍ അല്പം കയ്‌പേറിയതാണ്. ഓരോ സമൂഹവും കെട്ടിപ്പടുക്കുന്നത് ഒരു കുടുംബമാണ്, നല്ല അമ്മയുണ്ടെങ്കില്‍ ഓരോ കുടുംബവും പുഞ്ചിരിക്കും. മതിയായ സമയമുണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയൂ. സമയവും പണവും ഇന്ന് തുല്യമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ അമ്മമാരെ സഹായിക്കുക, കുട്ടികളെ സഹായിക്കുക, രാജ്യത്തെ സഹായിക്കുക. ' ഇതായിരുന്നു അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചത്.നിരവധി പേരാണ് അദ്ദേഹത്തിന്റെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നല്ല തീരുമാനമാണെന്നും ആറ് വര്‍ഷം കിട്ടിയില്ലെങ്കിലും കുറഞ്ഞത് ഒന്നോ രണ്ടോ വര്‍ഷമെങ്കിലും അവധി അനുവദിക്കണമെന്ന് പറയുന്നവരുണ്ട്. അതേസമയം,അല്‍ഫോണ്‍സ് പുത്രന്റെ മനസിലെ കടുത്ത സ്ത്രീ വിരുദ്ധതയാണ് ഇതിലൂടെ പുറത്തു വന്നതെന്നും ഒരാള്‍ കമന്റിട്ടു. അമ്മ തന്നെ കുഞ്ഞിനെ നോക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അച്ഛനും നോക്കാമെന്നുമാണ് എതിരഭിപ്രായം.
No comments: