ചെന്നൈയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച, സിനിമ സ്വപ്നം കണ്ട് വളര്‍ന്ന യുവാവ്, തെന്നിന്ത്യന്‍ താരറാണിയുടെ കൈപിടിക്കുന്നത് ഒരു പ്രണയസിനിമപോലെ മനോഹരമാണ്...
ചെന്നൈയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച, സിനിമ സ്വപ്നം കണ്ട് വളര്‍ന്ന യുവാവ്, തെന്നിന്ത്യന്‍ താരറാണിയുടെ കൈപിടിക്കുന്നത് ഒരു പ്രണയസിനിമപോലെ മനോഹരമാണ്.കഥ പറയാന്‍ മിടുക്കനെന്നാണ് സുഹൃത്തുക്കള്‍ വിഘ്നേഷിനെ കുറിച്ച് പറയാറുള്ളത്.
സാങ്കല്‍പിക കഥകളുണ്ടാക്കി സിനിമാസ്റ്റൈലില്‍ വിവരിച്ച് കൂട്ടുകാരെ രസിപ്പിക്കുമായിരുന്നു വിഘ്നേഷ്. കഥയെഴുത്തും പാട്ടെഴുത്തുമായി സ്കൂളിലും കോളേജിലും പണ്ടേ താരം. പൊലീസുകാരായിരുന്നു വിഘ്നേഷിന്റെ മാതാപിതാക്കള്‍. അച്ഛന്‍ സര്‍വ്വീസിലിരിക്കെ മരിച്ചു. അമ്മ മീനയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. കാക്കികുടുംബമാണെങ്കിലും, സര്‍ക്കാര്‍ ജോലിയൊന്നും മനസ്സിലേ ഉണ്ടായിരുന്നില്ല. ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദം നേടിയശേഷം പതിയെ സംവിധായകനെന്ന സ്വപ്നത്തിലേക്ക് നടന്നടുത്തു. അമ്മയായിരുന്നു ഉറച്ച പിന്തുണ. പില്‍ക്കാലത്ത് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രാധിക ശരത് കുമാറിന്റെ പൊലീസ് വേഷത്തിന് പ്രചോദനമായത് അമ്മയാണെന്ന് പറഞ്ഞിട്ടുണ്ട് വിഘ്നേഷ്.
ഹ്രസ്വചിത്രങ്ങള്‍ ഒരുക്കി ആയിരുന്നു തുടക്കം. അന്നൊക്കെ നെഗറ്റീവ് കമന്റുകള്‍ പേടിച്ച് വിഘ്നേഷ് ഒരു സിനിമ പോലും യൂട്യൂബില്‍ ഇടാറില്ലായിരുന്നത്രെ. സിനിമാസംവിധായകനെന്ന സ്വപ്നം മനസ്സില്‍ സൂക്ഷിക്കുമ്ബോള്‍ തന്നെ, അഭിനയിക്കാനുള്ള ചെറിയ അവസരങ്ങളും വേണ്ടെന്നു വച്ചില്ല. 2007ല്‍ ശിവി എന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തായി വേഷമിട്ട് ആദ്യമായി ക്യാമറക്ക് മുന്നിലെത്തി. 2012ല്‍ സംവിധായകനായി അരങ്ങേറ്റം. നിമിത്തമായത് ബാല്യകാല സുഹൃത്തും നടനുമായ ചിമ്ബു.
ഒരു ചെറുസിനിമയായി പ്ലാന്‍ ചെയ്ത പോടാ പോടിയെ ബിഗ് സ്ക്രീനിലെത്തിക്കാന്‍ ചിമ്ബു നിര്‍ദ്ദേശിച്ചു. ചിമ്ബുവും വരലക്ഷ്മിയും നായകനും നായികയുമായി. സമ്മിശ്രപ്രതികരണമുണ്ടാക്കിയ ചിത്രം വിഘ്നേഷിനെ യുവസംവിധായകരില്‍ ശ്രദ്ധേയനാക്കി. പിന്നെയും 3 വര്‍ഷം കാത്തിരുന്നാണ് നാനും റൗഡി താന്‍ സംഭവിക്കുന്നത്. വിഘ്നേഷ് നയന്‍താര ആദ്യസമാഗമത്തിന് വഴിയൊരുക്കിയ ചിത്രമായി ഇത്.
അന്ന് നയന്‍താര പ്രണയത്തകര്‍ച്ചയക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന സമയം കൂടിയായിരുന്നു. ചിമ്ബുവുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം മൂന്നരവര്‍ഷത്തോളം പ്രഭുദേവയുടെ പങ്കാളിയായി കഴിഞ്ഞ നയന്‍താര ആ ബന്ധത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്നു. മറ്റൊരു കുടുംബമുള്ള പ്രഭുദേവയുമായുള്ള പ്രണയം തമിഴ്നാട്ടില്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. പിന്നീട് പ്രഭുദേവയുമായും വേര്‍പിരിഞ്ഞ ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചുവരാന്‍ ഉള്ള ശ്രമത്തിലായിരുന്നു നയന്‍താര.
അപ്പോഴാണ് നാനും റൗഡി താന്‍ കഥയുമായി വിഘ്നേഷ് താരസുന്ദരിക്ക് മുന്നില്‍ എത്തുന്നത്. ഗുണ്ടാകഥ കോമഡി പശ്ചാത്തലത്തില്‍ പുതുമകളോടെ അവതരിപ്പിച്ച ചിത്രം വിഘ്നേഷിന് മാത്രമല്ല വിജയ് സേതുപതിക്കും നയന്‍താരക്കും പുതിയ മേല്‍വിലാസം ഉണ്ടാക്കി കൊടുത്തു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്കുള്ള ചവിട്ടുപടി കൂടിയായി നയന്‍താരയെ സംബന്ധിച്ച് ഈ ചിത്രം. സിനിമാസെറ്റില്‍ വിഘ്നേഷും നയന്‍താരയും മണിക്കൂറുകളോളം സമയം ചെലവഴിച്ചെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍ പ്രചാരണപരിപാടിക്കിടെ പറഞ്ഞതോടെ താരപ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങി.എന്നാല്‍ ഒരു വര്‍ഷത്തോളം സൗഹൃദത്തെ കുറിച്ച് ഇരുവരും മൗനം പാലിച്ചു.
2017ല്‍ ആണ് പ്രണയം ഇരുവരും ഔദ്യോഗികമാക്കുന്നത്. വിദേശത്ത് ഒരു അവാര്‍ഡ് നിശയില്‍ കൈകോര്‍ത്തെത്തിയ താരജോഡി വാര്‍ത്തകളില്‍ ഇടം നേടി. മികച്ച സംവിധായകനുള്ള പുരസ്കാരം പ്രണയിനിക്ക് സമര്‍പ്പിച്ച് വിഘ്നേഷ് പ്രണയം വേദിയില്‍ പറയാതെ പറഞ്ഞു. സോഷ്യല്‍മീഡിയ അക്കൗണ്ടില്ലാത്ത നയന്‍താരയുടെ വ്യക്തിജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളും വിഘ്നേഷിന്റെ പോസ്റ്റുകളിലൂടെ ആരാധകര്‍ കണ്ടു. നയന്‍സിനൊപ്പമുള്ള അവധിക്കാലയാത്രകളും, പിറന്നാള്‍ ആഘോഷവും ഓണവും തീര്‍ത്ഥാടനവുമെല്ലാം വിഘ്നേഷ് പങ്കുവച്ചു. സിനിമാനിര്‍മ്മാണത്തിലും ഇരുവരും പങ്കാളികളായി.
2021 മാര്‍ച്ച് 25ന് മോതിരമണിഞ്ഞ നയന്‍താരയുടെ ചിത്രം വിഘ്നേഷ് പോസ്റ്റ് ചെയ്തതോടെ വിവാഹനിശ്ചയം നടന്നെന്ന അഭ്യൂഹം പരന്നു. പിന്നീട് ഓഗസ്റ്റില്‍ പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ടെലിവിഷന്‍ അഭിമുഖത്തില്‍ വിവാഹനിശ്ചയം കഴിഞ്ഞെന്ന് നയന്‍താര വെളിപ്പെടുത്തി. വിവാഹം എല്ലാവരെയും അറിയിക്കുമെന്നായിരുന്നു നടിയുടെ വാക്കുകള്‍. കുടുംബത്തോടുള്ള കരുതലും, പോസിറ്റീവ് ഊര്‍ജവും, പ്രോത്സാഹനവുമെല്ലാം വിഘ്നേഷിലേക്ക് തന്നെ ആകര്‍ഷിച്ചതായും നയന്‍താര അന്ന് പറഞ്ഞു. ചെന്നൈയിലെ കാളികംബാള്‍ ക്ഷേത്രത്തില്‍ സിന്ദൂരമണിഞ്ഞ് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം 2022 മാര്‍ച്ചില്‍ പുറത്തുവന്നതോടെ വിവാഹം നടന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ചു.
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് വിവാഹം ഔദ്യോഗികമായി തീരുമാനിച്ചെന്ന വിവരം പുറത്തുവരുന്നത്. 6 വര്‍ഷം നീണ്ട ഒന്നിച്ചുള്ള യാത്രക്കൊടുവില്‍ 38കാരിയായ നയന്‍സിനും 37 കാരനായ വിക്കിക്കും ഇത് പ്രണയസാക്ഷാത്കാരം. തിരുപ്പതിയില്‍ സിനിമയെ വെല്ലുന്ന സെറ്റില്‍ ആണ് താരവിവാഹം. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുക്കുന്ന കല്യാണം ക്യാമറയില്‍ പകര്‍ത്താന്‍ വന്‍തുകക്ക് ഒരു ഒടിടി കമ്ബനിക്കാണ് അവകാശം നല്‍കിയിരിക്കുന്നത്. പൊന്നുംവിലയുള്ള കല്യാണത്തിന്റെ കാഴ്ചകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
No comments: