Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

കശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് സായ് പല്ലവി..

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചത്.പിന്നീട് കലി, അതിരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം മികച്ച പ്രകടനം നടത്തി. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചാണ് സായ് പല്ലവി പറയുന്നത്. കശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് നടി പറയുന്നത്.
'ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത്, വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. എന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങള്‍ നല്ല ഒരു വ്യക്തിയാണെങ്കില്‍ തെറ്റിനെ പിന്തുണയ്ക്കുകയില്ല. കൂടാതെ, കശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്', സായ് പല്ലവി പറഞ്ഞു.
റാണ ദഗുബാട്ടി നായകനാകുന്ന തെലുങ്ക് ചിത്രം വിരാട പര്‍വ്വമാണ് സായ് പല്ലവിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദിത ദാസ്, പ്രിയ മണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

No comments: