Coconut Media

Latest News | Breaking News Kerala | Film News | Sports News | Movie News | Lifestyle News | E Paper

ദിലീപിനെ ജനപ്രിയനാക്കിയ ജൂലൈ നാല്..ഭാഗ്യത്തില്‍ വിശ്വസിക്കുന്ന താരം, ഒരു സിനിമ ഹിറ്റായപ്പോള്‍ അതേ ദിവസം തന്നെ തുടര്‍ച്ചയായി സിനിമകള്‍ ഇറക്കി..

ഇന്ന് ജൂലൈ നാല്. എല്ലാവരേയും സംബന്ധിച്ചിടുത്തോളം ജൂലൈ നാല് സാധാരണ ദിവസമാണ്. എന്നാല്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപിന് അങ്ങനെയല്ല. ദിലീപ് മലയാളത്തിന്റെ ജനപ്രിയ നായകനായത് ജൂലൈ നാല് കാരണമാണ് ! എങ്ങനെയാണെന്നല്ലേ? അതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്. 2001 ജൂലൈ നാലിനാണ് ദിലീപിന്റെ ആദ്യ സോളോ സൂപ്പര്‍ഹിറ്റ് പിറക്കുന്നത്. താഹ സംവിധാനം ചെയ്ത ഈ പറക്കും തളികയാണ് ദിലീപിന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. ഈ പറക്കും തളിക തിയറ്ററില്‍ വമ്ബന്‍ വിജയമായി.
തൊട്ടടുത്ത വര്‍ഷം 2002 ജൂലൈ നാലിന് ദിലീപിന്റെ മീശമാധവന്‍ റിലീസ് ചെയ്തു. ലാല്‍ സംവിധാനം ചെയ്ത മീശമാധവന്‍ തിയറ്ററുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി സൂപ്പര്‍താരങ്ങളെ കവച്ചുവെച്ച്‌ ദിലീപ് ബോക്‌സ്‌ഓഫീസ് വേട്ട നടത്തി. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ജൂലൈ നാല് ഭാഗ്യം കൊണ്ടുവന്നതോടെ ആ ദിവസത്തില്‍ ദിലീപിന് പ്രത്യേക വിശ്വാസമായി. ജോത്സ്യത്തിലും രാശിചക്രത്തിലും വലിയ വിശ്വാസമുള്ള ആളാണ് ദിലീപ്. ജൂലൈ നാല് തന്റെ ഭാഗ്യദിനമാണെന്ന് ദിലീപ് വിശ്വസിച്ചു. ചില ജോത്സ്യര്‍ ദിലീപിനോട് അതേ അഭിപ്രായം പറയുകയും ചെയ്തു. 2003, 2005 വര്‍ഷങ്ങളില്‍ ജൂലൈ നാലിന് തന്നെ ദിലീപ് ഓരോ സിനിമകള്‍ പുറത്തിറക്കി. ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസയാണ് 2003 ല്‍ തിയറ്ററുകളെ ഇളക്കി മറിച്ചതെങ്കില്‍ 2005 ല്‍ റാഫി മെക്കാര്‍ട്ടിന്‍ ചിത്രം പാണ്ടിപ്പടയാണ് സൂപ്പര്‍ഹിറ്റായത്. അങ്ങനെ ജൂലൈ നാല് തന്റെ ഭാഗ്യദിനമാണെന്ന് ദിലീപ് ഓരോ സൂപ്പര്‍ഹിറ്റുകളിലൂടെയും ഉറപ്പിച്ചു.
പിന്നീട് ജോഷി സംവിധാനം ചെയ്ത തന്റെ ഒരു സിനിമയ്ക്ക് ജൂലൈ നാല് എന്ന് ദിലീപ് പേര് നല്‍കി. ആ ചിത്രം പക്ഷേ റിലീസ് ചെയ്തത് ജൂലൈ അഞ്ചിനാണ്. ചിത്രം തിയറ്ററുകളില്‍ പരാജയമായി. ദിലീപിനെ സൂപ്പര്‍താരമാക്കിയും ജനപ്രിയ പരിവേഷത്തിലേക്ക് എത്തിച്ചതും ജൂലൈ നാലിന് പുറത്തിറങ്ങിയ സിനിമകളാണെന്ന് പറയേണ്ടിവരും. അതുകൊണ്ട് ഇന്നും ജൂലൈ നാല് എന്ന ദിവസത്തെ ദിലീപ് വലിയ കാര്യമായി തന്നെയാണ് കാണുന്നത്.

No comments: